23 May 2010

തിരിച്ചറിവ്

അവള്‍ പോയി, ഇന്നലെയാണത്, ഉച്ചച്ചൂടിന്റെ ആലസ്യത്തില്‍ ഞാന്‍ വെന്തുറങ്ങുകയായിരുന്നു. ഉണരുമ്പോള്‍ അവളുണ്ടായിരുന്നില്ല, അവളുടെ ഗന്ധവും. എല്ലാറ്റിനും അടയാളങ്ങള്‍ അവശേഷിപ്പിക്കുന്ന ഉഷ്ണകാലത്തെ ഞാന്‍ സ്നേഹിച്ചുതുടങ്ങിയതു ഈയിടെയായാണ്. വര്‍ഷം എല്ലാം മായ്ചുകളയുന്നു. ഉഷ്ണം ഓര്‍മകളെ, വികാരങ്ങളെ ഒക്കെയും വിയര്‍‌പ്പിക്കുന്നു, ഇടകലര്‍‌‍ത്തുന്നു, അഴുക്കിച്ചേര്‍‌ ക്കുന്നു. അല്ലെങ്കില്‍ത്തന്നെ എന്നെ ജീവിപ്പിക്കുവാന്‍ ഓര്‍മകളല്ലാതെ മറ്റെന്തുണ്ട്?

കുറുന്തോട്ടിക്കുറ്റികള്‍ കരിഞ്ഞുണങ്ങിനിന്ന ചെമ്മണ്‍‌വഴിയില്‍ നിന്നെ തിരഞ്ഞ് ഞാന്‍ നടന്നു. നീ ഒന്നും എനിക്കായി അവശേഷിപ്പിച്ചില്ല. ഓര്‍മകളുടെ ഗന്ധം പോലും. ഞാനറിഞ്ഞത് ഒന്നു മാത്രം, നിനക്കു തിരിച്ചറിവുണ്ടായിരിക്കുന്നു. നീ ഒരിക്കല്‍ എന്നോട് പറഞ്ഞത് ഞാനോര്‍ക്കുന്നു, നിന്റെ തിരിച്ചറിവിനെപ്പറ്റി. ആപ്പോള്‍ നീ എന്റെ വലം‌കൈ‍ മുറുകെ പിടിച്ചിരുന്നു. ഞാനാകട്ടെ ഇതേ ചെമ്മണ്‍‌പാതയില്‍ തഴച്ചുനിന്ന കുറുന്തോട്ടിത്തലപ്പുകളില്‍ ഒളിഞ്ഞുകിടന്ന പുതുമഴത്തുള്ളികള്‍ നിന്റെ വെളുത്ത പാദങ്ങളെ വീണ്ടും വീണ്ടും ഈറനാക്കുന്നതും നോക്കി നടക്കുകയായിരുന്നു.
ഇത് ഉഷ്ണകാലമാണ്. സൂര്യന്‍ ആര്‍ക്കും കാരണമറിയാത്ത പ്രതികാരത്തോടെ കത്തിയെരിയുന്നു. ഞാന്‍ കൂട്ടിമുട്ടാത്ത ഒഴുക്കന്‍ രേഖകളുടെ അന്ത്യത്തിലേക്ക് നോക്കി നിന്നു. അവിടെ- യാഥാര്‍‌ത്ഥ്യത്തിന്റെ കുറുന്തോട്ടിക്കുറ്റികള്‍ സങ്കല്പമായി മാറിയ അതിര്‍‌വരമ്പില്‍- മുണ്ഡനം ചെയ്യപ്പെട്ട ദരിദ്രവൃക്ഷങ്ങളുടെ ചുവടുകള്‍ ഉഷ്ണത്തിന്റെ മിഥ്യയില്‍ ആടിയുലയുകയും നൃത്തം വയ്ക്കുകയും ചെയ്യുന്നു. ഞാന്‍ ഉഷ്ണം വിയര്‍പ്പിച്ച ഓര്‍മകളില്‍ നീ പോയ വഴിയറിയാതെ തിരികെ നടക്കുന്നു.

ചോദ്യങ്ങള്‍

എനിക്കു ചുറ്റും ചോദ്യങ്ങളാണ്
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ഓരോ ഉത്തരങ്ങളും പരിണമിച്ച്
വീണ്ടും ചോദ്യങ്ങളുണ്ടാകുന്നു
പൂര്‍ണ്ണവിരാമങ്ങള്‍ നീണ്ടുവളഞ്ഞ്
പിന്നെയും ചോദ്യചിഹ്നങ്ങളായി
അവ സര്‍പ്പങ്ങളായി മണ്ണില്‍ ഇഴഞ്ഞു
ചിലത് ഉറക്കം കെടുത്തുന്ന ദുഃസ്വപ്നങ്ങളായി
ഉറങ്ങിക്കിടന്ന ‌ ഉത്തരങ്ങള്‍ ഉണരാതെ
ചോദ്യദംശനങ്ങളില്‍ കരിനീലിച്ചു ചത്തു
ഒടുവില്‍ ഉത്തരങ്ങളില്ലാത്ത ഞാന്‍
ഒരു വലിയ മറുചോദ്യമായി
ആര്‍ക്കും ഉത്തരമില്ലാത്ത
ഒരു വലിയ മറുചോദ്യം