23 Oct 2011

ഹേ, നിഷാദാ

വരണ്ടു വറ്റി, ഇലകരിഞ്ഞു നിന്ന മരച്ചില്ലയിലെ നിഴലനക്കത്തിലേക്ക് വേടന്‍ തന്റെ കുറുകിയ കണ്ണുകളെ പായിച്ചു, എന്നിട്ടു, അമ്പെടുത്തു ഉന്നം പിടിച്ചു. ദൂരെ അന്തിസൂര്യന്റെ പ്രഭാപൂരം തീര്‍ത്ത മഞ്ഞളിപ്പില്‍നിന്നും കണ്ണുകള്‍ മുക്തമായപ്പോള്‍, കൊക്കുരുമ്മാതെ പ്രണയ സല്ലാപങ്ങളില്ലാതെ മരച്ചില്ലയില്‍ നിശ്ശബ്ദരായിരിക്കുന്ന ഇണക്കുരുവികളെ വേടന്‍ കണ്ടു. വേടന്റെ കൈ വിറച്ചു, തൊണ്ട വരണ്ടു. മാ നിഷാദാ, എന്നൊരു നിലവിളി എങ്ങുനിന്നോ ഒഴുകിയെത്തിയോ? തലമുറകള്‍ക്കു മുന്‍പേ വേടന്റെ കുലത്തിനു വീണ തീരാ ശാപം. ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ എയ്തു വീഴ്ത്തിയ വേടന്റെ ക്രൂരത, ഇണക്കുരുവിയുടെ വേദന, മനം നൊന്ത മുനിയുടെ ശാപം... വേടന്റെ മനസ്സു തളര്‍ന്നു, കൈ തളര്‍ന്നു. ഒരു തീരാശാപത്തിന്റെ ഭാരം മനസ്സിലിട്ടു തിരിഞ്ഞു നടക്കുമ്പോള്‍, പിന്നില്‍നിന്നും ആണ്‍കിളി അലറി വിലിച്ചു.
"ഹേ, നിഷാദാ, ദയവായി എന്നെ അമ്പെയ്തു വീഴ്ത്തുക. നിന്റെ വറചട്ടിയില്‍ പൊരിഞ്ഞു, നിന്റെ മക്കളുടെ നാവിലെ കൊതിയൂറുന്ന ഓര്‍മയാക്കി മാറ്റുക എന്നെ"

വേടന്‍ പറഞ്ഞു, "ഇനിയും ഒരു ശാപം പേറുവാന്‍ എനിക്കു കഴിയില്ല"

ആണ്‍കിളി പറഞ്ഞു, "ദയവായി നിന്റെ ശരത്താല്‍ എന്റെ മാറുപിളര്‍ന്ന്, എന്റെ വേദനകളില്‍ നിന്നും എന്നെ രക്ഷിക്കൂ"

"അരുതേ, വീണ്ടും ഒരു ക്രൂരതയുടെ പ്രതീകമാകാന്‍ എന്നെ നിര്‍ബന്ധിക്കരുതേ" വേടന്‍ യാചിച്ചു.

ആണ്‍കിളി കരഞ്ഞുകൊണ്ടേ ഇരുന്നു, "നിന്റെ കര്‍മം ചെയ്യൂ, ദയവയി എന്നെ അമ്പെയ്തു കൊല്ലൂ"

ഒരു നിലവിളിയും ഒരു ശാപവും വേടനു ചുറ്റും ഭീതിതമായി പതിധ്വനിച്ചുകൊണ്ടിരുന്നു.

"അല്ലയോ ക്രൗഞ്ചമേ, ഈ ക്രൂരത എനിക്കു വയ്യ, ഞാന്‍ ഒരു ആണായി പിറന്നു പോയി"
വേടന്‍ നിലവിളിച്ചു. എന്നിട്ടു തൊടുക്കാനാഞ്ഞ അമ്പെടുത്തു തന്റെ ഇടനെഞ്ചില്‍ കുത്തിയിറക്കി പിടഞ്ഞുമരിച്ചു. ഇതു കണ്ട ആണ്‍കിളി അലറിക്കരഞ്ഞ് ഉണങ്ങിയ മരച്ചില്ലയില്‍ തല തല്ലിപ്പിളര്‍ന്നു, കരിഞ്ഞുണങ്ങിയ ഭൂമിയിലേക്കു ജീവനറ്റു വീണു. എല്ലാം നിര്‍‌വികാരയായി കണ്ടുകൊണ്ടിരുന്ന പെണ്‍കിളി അല്പനേരം അവിടെ ഇരുന്നിട്ടു ഒടുവില്‍, തുടുത്ത സൂര്യന്‍ ഒളിച്ചു മറഞ്ഞ മലഞ്ചെരുവിലേക്ക് പറന്നുപോയി

10 comments:

പ്രഭന്‍ ക്യഷ്ണന്‍ said...

കൊള്ളാല്ലോ മാഷേ..!
കഥയോടൊപ്പം കാലത്തിന്റെ കോലവും മാറുന്നു...!
ഇഷ്ട്ടപ്പെട്ടു ഈ ശൈലി.
തുടരുക.
ആശംസകളോടെ..പുലരി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അന്നത്തെ ലോകവും
ഇന്നത്തെ ഇ-ലോകവും തമ്മില്‍ ഒരുപാട് അന്തരമുണ്ട്.
ഭംഗിയായി മെനഞ്ഞെടുത്ത കഥ ചിന്തോദ്ദീപകമാണ് .

സുരേഷ്‌ കീഴില്ലം said...

ഇപ്പോള്‍ റീമേയ്ക്കുകളുടെ കാലമാണല്ലോ....
പുതിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടെങ്കില്‍ അത്‌ പ്രസക്തമാണ്‌.
താങ്കളുടെ രചനയില്‍ അതുണ്ട്‌. സന്തോഷം.

MINI.M.B said...

നല്ല അവതരണരീതി. അഭിനന്ദനങ്ങള്‍!

JF said...

നന്നായിട്ടുണ്ട്, നല്ല കഥ. പുരുഷന്റെ ദുഖമാണല്ലോമധികവും.... ആണ്‍കിളിയാല്‍ അവഗണിക്കപ്പെട്ട് പറന്നുപോയ പെണ്‍കിളിയുടെ കഥകൂടി എഴുതൂ

സുഗതന്‍ said...

നല്ല എഴുത്ത്... സ്ത്രീയുടെ കണ്ണീര്‍ എപ്പോഴും വാഴ്ത്തപ്പെടുകയും, പുരുഷന്റെ കണ്ണീര്‍ അവഹേളിക്കപ്പെടുകയും ചെയ്യുന്ന പതിവില്‍നിന്നും മാറി നടക്കുന്നു "ഹേ, നിഷാദാ"

Pradeep Kumar said...

പറഞ്ഞു പതിഞ്ഞ ചില വിശ്വസങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം ഇവിടെ ഉണ്ട് എന്ന് എനിക്കു തോന്നി.നിങ്ങള്‍ ഈ കൊച്ചുകഥയില്‍ വിളക്കിച്ചേര്‍ത്തത് അതാണ്.

എല്ലാം നിര്‍‌വികാരയായി കണ്ടുകൊണ്ടിരുന്ന പെണ്‍കിളി അല്പനേരം അവിടെ ഇരുന്നിട്ടു ഒടുവില്‍, തുടുത്ത സൂര്യന്‍ ഒളിച്ചു മറഞ്ഞ മലഞ്ചെരുവിലേക്ക് പറന്നുപോയി...

അതും സംഭവിക്കാവുന്നതു തന്നെയാണ്.

നല്ല എഴുത്ത്.

Manoj vengola said...

നിന്റെ കര്‍മം ചെയ്യൂ, ദയവയി എന്നെ അമ്പെയ്തു കൊല്ലൂ"

nice one

Seema said...

ഗുരുജീ, നന്നായിട്ടുണ്ട്, എന്താ എന്റെ വര്‍ഗത്തിനിട്ടൊരു കൊട്ട്? വേണ്ടാട്ടോ. എല്ലായിടത്തും ഒരു നഷ്ട പ്രണയം ഉണ്ടല്ലോ.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

Tracking