23 May 2010

തിരിച്ചറിവ്

അവള്‍ പോയി, ഇന്നലെയാണത്, ഉച്ചച്ചൂടിന്റെ ആലസ്യത്തില്‍ ഞാന്‍ വെന്തുറങ്ങുകയായിരുന്നു. ഉണരുമ്പോള്‍ അവളുണ്ടായിരുന്നില്ല, അവളുടെ ഗന്ധവും. എല്ലാറ്റിനും അടയാളങ്ങള്‍ അവശേഷിപ്പിക്കുന്ന ഉഷ്ണകാലത്തെ ഞാന്‍ സ്നേഹിച്ചുതുടങ്ങിയതു ഈയിടെയായാണ്. വര്‍ഷം എല്ലാം മായ്ചുകളയുന്നു. ഉഷ്ണം ഓര്‍മകളെ, വികാരങ്ങളെ ഒക്കെയും വിയര്‍‌പ്പിക്കുന്നു, ഇടകലര്‍‌‍ത്തുന്നു, അഴുക്കിച്ചേര്‍‌ ക്കുന്നു. അല്ലെങ്കില്‍ത്തന്നെ എന്നെ ജീവിപ്പിക്കുവാന്‍ ഓര്‍മകളല്ലാതെ മറ്റെന്തുണ്ട്?

കുറുന്തോട്ടിക്കുറ്റികള്‍ കരിഞ്ഞുണങ്ങിനിന്ന ചെമ്മണ്‍‌വഴിയില്‍ നിന്നെ തിരഞ്ഞ് ഞാന്‍ നടന്നു. നീ ഒന്നും എനിക്കായി അവശേഷിപ്പിച്ചില്ല. ഓര്‍മകളുടെ ഗന്ധം പോലും. ഞാനറിഞ്ഞത് ഒന്നു മാത്രം, നിനക്കു തിരിച്ചറിവുണ്ടായിരിക്കുന്നു. നീ ഒരിക്കല്‍ എന്നോട് പറഞ്ഞത് ഞാനോര്‍ക്കുന്നു, നിന്റെ തിരിച്ചറിവിനെപ്പറ്റി. ആപ്പോള്‍ നീ എന്റെ വലം‌കൈ‍ മുറുകെ പിടിച്ചിരുന്നു. ഞാനാകട്ടെ ഇതേ ചെമ്മണ്‍‌പാതയില്‍ തഴച്ചുനിന്ന കുറുന്തോട്ടിത്തലപ്പുകളില്‍ ഒളിഞ്ഞുകിടന്ന പുതുമഴത്തുള്ളികള്‍ നിന്റെ വെളുത്ത പാദങ്ങളെ വീണ്ടും വീണ്ടും ഈറനാക്കുന്നതും നോക്കി നടക്കുകയായിരുന്നു.
ഇത് ഉഷ്ണകാലമാണ്. സൂര്യന്‍ ആര്‍ക്കും കാരണമറിയാത്ത പ്രതികാരത്തോടെ കത്തിയെരിയുന്നു. ഞാന്‍ കൂട്ടിമുട്ടാത്ത ഒഴുക്കന്‍ രേഖകളുടെ അന്ത്യത്തിലേക്ക് നോക്കി നിന്നു. അവിടെ- യാഥാര്‍‌ത്ഥ്യത്തിന്റെ കുറുന്തോട്ടിക്കുറ്റികള്‍ സങ്കല്പമായി മാറിയ അതിര്‍‌വരമ്പില്‍- മുണ്ഡനം ചെയ്യപ്പെട്ട ദരിദ്രവൃക്ഷങ്ങളുടെ ചുവടുകള്‍ ഉഷ്ണത്തിന്റെ മിഥ്യയില്‍ ആടിയുലയുകയും നൃത്തം വയ്ക്കുകയും ചെയ്യുന്നു. ഞാന്‍ ഉഷ്ണം വിയര്‍പ്പിച്ച ഓര്‍മകളില്‍ നീ പോയ വഴിയറിയാതെ തിരികെ നടക്കുന്നു.

4 comments:

Anonymous said...

പ്രിയപ്പെട്ട അസുരൻ... ഞാൻ ഒരു വായനക്കാരൻ മാത്രമാണ്‌. താങ്കളുടെ എഴുത്ത്‌ ഉഷ്ണം വിയർപ്പിക്കുന്ന ഏതോ ഓർമകളിലേക്ക്‌ എന്നെയും നടത്തിക്കുന്നു... വ്യക്തമല്ലാത്ത ഏതോ ഓർമകളിലേക്ക്‌...

ഒരു ചോദ്യം എന്തിനീ അസുരന്റെ മൂടുപടം..?
സഞ്ജീവൻ കോറോത്ത്‌

Anonymous said...

യാഥാര്‍‌ത്ഥ്യത്തിന്റെ കുറുന്തോട്ടിക്കുറ്റികള്‍ സങ്കല്പമായി മാറിയ അതിര്‍‌വരമ്പില്‍- മുണ്ഡനം ചെയ്യപ്പെട്ട ദരിദ്രവൃക്ഷങ്ങളുടെ ചുവടുകള്‍ ഉഷ്ണത്തിന്റെ മിഥ്യയില്‍ ആടിയുലയുകയും നൃത്തം വയ്ക്കുകയും ചെയ്യുന്നു. What a great concept... write more for us...
Shivadasan

Anonymous said...

ഉഷ്ണം ഓര്‍മകളെ, വികാരങ്ങളെ ഒക്കെയും വിയര്‍‌പ്പിക്കുന്നു, ഇടകലര്‍‌‍ത്തുന്നു, അഴുക്കിച്ചേര്‍‌ ക്കുന്നു.

ഇലിയട്ടിന്റെ വേസ്റ്റ് ലാണ്ടിനെ ഓര്‍മ്മിപ്പിക്കുന്ന പശ്ചാത്തലം. നല്ല രചനകള്‍ ഷിനോദ്. കൂടുതല്‍ എഴുതൂ.

ഷിനോജ്‌ അസുരവൃത്തം said...

നന്ദി നതാലിയ... ഉഷ്ണം എന്റെ ഓര്‍മകളുടെ തായ്‌വേരാണ്...
ഹൈമം, ആഗ്നേയം പോലുള്ള പുതിയ എഴുത്തുകള്‍ ഞാനും പ്രതീക്ഷിക്കുന്നു