21 Jul 2011

നരേന്ദ്രായനത്തിലെ പറക്കുന്ന വെള്ളാനകള്‍

നരേന്ദ്രന്‍ ഒരു സംസാര വിഷയമായിരിക്കുന്നു. ഒപ്പം പറക്കുന്ന വെള്ളാനകളും. അഭിനന്ദനങ്ങളുടെ ആലസ്യത്തിലല്ല ഞാന്‍. എന്റെ ചിന്തകള്‍ നരേന്ദ്രനെ തേടി അലയുകയാണ്‌. ഈ ആള്‍ക്കൂട്ടത്തെ നോക്കി നരേന്ദ്രന്‍ എന്തു പറയുമായിരുന്നു? ആള്‍ക്കൂട്ടവും നരേന്ദ്രനും... സങ്കല്പിക്കാന്‍ കഴിയാത്ത ഒരു പൊരുത്തമായി തോന്നി അത്. ഏകനായി തെരുവമലയിറങ്ങിവരുന്ന നരേന്ദ്രനെ മാത്രമേ എനിക്ക് സങ്കല്പ്പിക്കാന്‍ കഴിയൂ. അഭിനന്ദനങ്ങള്‍ പലപ്പോഴും എന്നെ അലോസരപ്പെടുത്താറാണ് പതിവ്. നരേന്ദ്രന്റെ കഥ ഞാന്‍ എഴുതേണ്ടിയിരുന്നില്ല എന്ന് പലവട്ടം തോന്നിയിട്ടുള്ളതാണ്. ഞാനും നരേന്ദ്രനും പറക്കുന്ന വെള്ളാനകളുമൊക്കെ പുനര്‍‌നിര്‍‌വചിക്കപ്പെടുന്നു. ഞാന്‍ പിടിയിലായ മോഷ്ടാവിനെപ്പോലെ തല കുമ്പിട്ടിരുന്നു.. എന്നും ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി നടക്കുന്നതാണ്‌ എന്റെ ശീലം. പുറം‌ലോകത്തിനു മുന്നിലെ എന്റെ അന്തര്‍മുഖത്വം തിരുത്തപെടാന്‍ ആഗ്രഹിക്കാത്ത ഒരു ആനന്ദമാണ്‌ എനിക്ക്. ആള്‍ക്കൂട്ടം എന്നും എനിക്ക് ഏകാന്തതയുണ്ടാക്കുകയും ഒരുതരം ശൂന്യതയിലേക്ക് എന്നെ സ്വയം നഷ്ടപ്പെടാന്‍ വിട്ടുകൊടുക്കുകയും ചെയ്യാറുണ്ട്. എന്റെ ഏകാന്ത നിമിഷങ്ങളില്‍ ഞാന്‍ രാജാവായി മാറുന്നു, വിപ്ലവകാരിയും തത്വചിന്തകനുമായി മാറുന്നു, മാമൂലുകളെ തച്ചുടക്കുന്ന ധിക്കാരിയായി മാറുന്നു....നരേന്ദ്രന്‍ ആരാണ്, നരേന്ദ്രനും ഞാനും തമ്മിലുള്ള ബന്ധം, ഒക്കെയും ചര്‍ച്ചാവിഷയങ്ങളായിക്കഴിഞ്ഞിരിക്കുന്നു. ചിലര്‍ക്ക് നരേന്ദ്രന്‍ ഒരു മിഥ്യയാണെങ്കില്‍ ചിലര്‍ക്ക് ഒരു പ്രതീകം ആയിരുന്നു. ഞാന്‍ എല്ലാവര്‍ക്കുമിടയില്‍ ഒന്നുമറിയാത്തവനായി തല കുമ്പിട്ടിരുന്നു. ചോദ്യങ്ങളെ ഞാന്‍ നിരാകരിച്ചിട്ടുള്ളതാണ്. ഞാന്‍ അപ്പോഴും ബോധാബോധങ്ങളെപ്പറ്റിയാണ് ആലോചിച്ചുകൊണ്ടിരുന്നത്. എനിക്കാകട്ടെ അതിര്‍‌വരമ്പിനിരുവശങ്ങളിലെ ബോധാബോധങ്ങളുടെ‍ അദൃശ്യതലങ്ങള്‍ കെട്ടുപിണഞ്ഞ ഒരു സങ്കല്‍‌പം മാത്രമാണ്. ഉറക്കത്തെയും ഉണ‌ര്‍വിനേയും വേര്‍തിരിക്കുന്ന മാനദണ്ഡങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. സ്വപ്നം‍ ഉണര്‍‌വിനെയും, ഉണ‌ര്‍വ് സ്വപ്നത്തെയും സ്വപ്നമെന്നു നിര്‍‌വചിക്കുന്നു, രണ്ടും സ്വയം ഉണര്‍‌വെന്നു വിളിക്കുന്നു. ഈ ബോധാബോധങ്ങളുടെ ഏതു തലങ്ങളിലാണ് ഞാന്‍ നരേന്ദ്രനെ കണ്ടതെന്ന് എനിക്ക് ഓര്‍മയില്ല. എന്റെ ഓര്‍മകളില്‍ ബോധാബോധങ്ങള്‍ വേര്‍‌തിരിക്കാതെ ഉഷ്ണഗന്ധികളായി തെരുവക്കുന്നുകള്‍ പടര്‍ന്നുകിടക്കുന്നു. തിരകളായെത്തുന്ന ഉഷ്ണക്കാറ്റ് എന്റെ ഓര്‍മകളെ വിയര്‍പ്പിക്കുന്നു.നരേന്ദ്രന്‍ എന്നും എന്റെ മനസ്സിലെ അസ്വസ്ഥമായ ഒരു സാന്നിദ്ധ്യമായിരുന്നു. നരേന്ദ്രനെപ്പോലെ തന്നെ നരേന്ദ്രന്റെ കഥയും അപരിചിതമായ ഒരു പരിചയമായി ചിലപ്പോള്‍ എന്റെ ചിന്തകളെ അലോസരപ്പെടുത്താറുണ്ട്‌. നരേന്ദ്രനും നരേന്ദ്രന്റെ കഥയും എന്റെ ചിന്തകളെ കവര്‍‌ന്നെടുക്കുമ്പോഴൊക്കെ വെന്തുനീറിയ തെരുവമലകളുടെ ഉഷ്ണഗന്ധം ഒരു ആലസ്യമായി എന്നെ തേടിയെത്താറുണ്ട്, തെരുവപ്പുല്ലുകളുടെ അരം കൊണ്ട തോളുകളില്‍ വിയര്‍പ്പിന്റെ ഉപ്പ് നീറ്റലായി ഒരു പഴയ ഉഷ്ണകാലത്തേക്ക്, ഊര്‍‌പ്പത്തിന്‍കായകള്‍ ലൈം‌ഗിക പരതയുടെ പൂര്‍ണ്ണത തേടി എന്റെ വിയര്‍ത്തുനനഞ്ഞ രോമകൂപങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന പഴയ നട്ടുച്ചകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകാറുണ്ട്.അയാള്‍ വേഗത്തില്‍ കുന്നിറങ്ങി വരികയായിരുന്നു. എന്റെ രോമങ്ങളില്‍ ഒട്ടിപ്പിടിച്ച ഊര്‍പ്പത്തിന്‍ കായകളെ രോമങ്ങളോടൊപ്പം പറിച്ചെറിയുന്നതില്‍ ആനന്ദം കണ്ടെത്തുകയായിരുന്നു ഞാന്‍. ഞാന്‍ തല ഉയര്‍ത്തി നോക്കി. "നരേന്ദ്രന്‍" ഞാന്‍ അറിയാതെ മന്ത്രിച്ചു. നരേന്ദ്രന്‍... എനിക്കുറപ്പായിരുന്നു അത് നരേന്ദ്രനാണെന്ന്‍. ആ അറിവ് ഒരുതരം വിഹ്വലതയായി എന്റെ ഹൃദയമിടിപ്പുകളെ ക്രമം തെറ്റിക്കുകയും ഭയം പോലെ ഒരു വികാരം ഒരു നിമിഷമാത്രയില്‍ എന്നെ പൊതിയുകയും ചെയ്തു. കാരണങ്ങളില്ലാത്ത ഒരറിവായിരുന്നു അത്. ഞാന്‍ ഒരിക്കലും ഒരു നരേന്ദ്രനെ കാത്തിരുന്നിട്ടില്ല. എന്റെ സങ്കുചിതമായ പരിചയങ്ങളില്‍ ഒരു നരേന്ദ്രന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ കാണാറുള്ള ആയിരക്കണക്കിനു സ്വപ്നങ്ങളിലൊന്നില്‍‌പോലും ഒരു നരേന്ദ്രനെ ഞാന്‍ ഓര്‍ക്കുന്നില്ല. നാമങ്ങളും പദങ്ങളും ചിത്രങ്ങളും ഇരുളും വെളിച്ചക്കീറുകളും‍ വിഹരിക്കാറുള്ള അബോധമായ എന്റെ സങ്കല്പതലങ്ങളില്‍ പോലും ഈ മുഖം ഞാന്‍ കണ്ടിട്ടില്ല, ഈ പേര്‌ എന്നെ ആകര്‍ഷിച്ചിട്ടില്ല. എന്നിട്ടും നരേന്ദ്രനെ ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു.അയാള്‍ കുന്നിറങ്ങി എന്റെ അടുത്തെത്തി, എന്റെ തോളില്‍ പിടിച്ചു. ഞാനാകട്ടെ വിയര്‍ത്തൊലിച്ച അര്‍ദ്ധനഗ്നമായ എന്റെ ശരീരത്തെപ്പറ്റിയാണ് അപ്പോള്‍ ആലോചിച്ചുകൊണ്ടിരുന്നത്. എന്റെ മാറില്‍ കുരുങ്ങിക്കിടന്ന ഊര്‍പ്പത്തിന്‍‌കായകള്‍ എന്നെ നരേന്ദ്രനുമുന്നില്‍ അപമാനിതനാക്കിയതായി തോന്നി. ഒപ്പം കുന്നിറങ്ങിവന്ന നരേന്ദ്രന്റെ പരുക്കന്‍ വസ്ത്രങ്ങളെ അവ പിടികൂടാത്തത് എന്നെ അത്ഭുതപ്പെടുത്തി. നരേന്ദ്രന്‍ എന്നെ കുലുക്കി വിളിച്ചു.

"ഞാന്‍ നിന്നെ അന്വേഷിക്കുകയായിരുന്നു".

എന്തിനെന്നു ഞാന്‍ ചോദിച്ചില്ല. അയാള്‍ അങ്ങിനെയൊരു ചോദ്യം പ്രതീക്ഷിച്കിരുന്നുമില്ല എന്നു തോന്നി. അയാള്‍ എന്നെ അന്വേഷിച്ചു നടക്കുകയായിരുന്നു എന്നു അയാളുടെ കണ്ണുകള്‍ പറയുന്നതുപോലെ തോന്നി. എന്തിനെന്നറിയാതെ ഞാന്‍ നരേന്ദ്രനെയും കാത്തിരിക്കുകയായിരുന്നില്ലെ? എന്റെ ചിന്തകള്‍ പോലെ അവ്യക്തമായ എന്തോ ഒന്നിനാല്‍ ഞാന്‍ നരേന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നൊരു തോന്നല്‍ തെരുവക്കാറ്റുപോലെ ഉള്ളില്‍ ഒഴുകിക്കൊണ്ടിരുന്നു.

"നിനക്കറിയാമോ ആരും ആകാശം കാണുന്നില്ല, എല്ലാവരും നോക്കുകമാത്രം ചെയ്യുന്നു"

ഞാന്‍ ഒന്നും മിണ്ടിയില്ല. എന്നാല്‍ നരേന്ദ്രന്റെ വാക്കുകളെ എന്റെ ഉറങ്ങിക്കിടന്ന ഏതോ ഓര്‍മകള്‍ പിന്‍‌തുടരുന്നതായി തോന്നി. ഓര്‍ത്തെടുക്കാനാകാത്ത എന്തോ ഒന്ന്. നരേന്ദ്രന്‍ എന്റെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചിരുന്നു. തെരുവക്കുന്നിന്റെ ഗന്ധം പേറുന്ന ഉഷ്ണക്കാറ്റ് തിരകളായി എന്നെയും നരേന്ദ്രനെയും കടന്നുപൊയ്ക്കൊണ്ടിരുന്നു.

"ആകാശത്തെപ്പറ്റി നിനക്കെന്തറിയാം"

നരേന്ദ്രന്റെ കണ്ണുകള്‍ എന്റെ കണ്ണുകളെ വിട്ട് ദൂരെ ഭൂമിയുടെ അങ്ങേക്കരയില്‍ അഗ്നിവളയങ്ങള്‍ തീര്‍ത്ത് തലേരാത്രിയില്‍ എന്നെ രസിപ്പിച്ച തെരുവക്കുന്നുകളുടെ മുകളിലേക്കു പോയി. ഇവിടെ ഭൂമി ഒരു ഗോളമല്ല, കുന്നുകള്‍ കൊണ്ടു തീര്‍ത്ത ഒരു അര്‍ദ്ധഗോളമാണ്, വക്കു പൊട്ടിയ ഒരു വലിയ മണ്‍ചട്ടി പോലെ. മലകള്‍ എല്ലാം തെരുവമലകളല്ല. തെരുവമലകള്‍ക്ക് ഒരേ ആത്മാവും ഒരേ വികാരവും ആണെന്നു എനിക്കു പലപ്പോഴും തോന്നാറുണ്ട്. അവ പരസ്പരം വികാരങ്ങള്‍ പങ്കുവയ്ക്കുന്നു. തെരുവക്കാറ്റ് തെരുവമലകളില്‍നിന്നു തെരുവമലകളിലേക്കു ഒഴുകുന്നു. മൈലുകള്‍ക്കപ്പുറം കത്തുന്ന തെരുവമലകളുടെ ഗന്ധവും, ചാരവും, തീ തല്ലുന്നവരുടെ ആരവങ്ങളും പടുവാഴകളുടെ പൊട്ടലുകളും എല്ലാം ഈ തെരുവക്കുന്നുകളിലേക്കും ഒഴുകിയെത്തുന്നു.

“പറക്കുന്ന വെള്ളാനകളെ നീ കണ്ടിട്ടുണ്ടോ?” നരേന്ദ്രന്‍ ചോദിച്ചു. ഞാനും നരേന്ദ്രനൊപ്പം ഭൂമിയുടെ അങ്ങേ തലക്കല്‍ കത്തിക്കരിഞ്ഞുകിടന്ന തെരുവമലമുകളിലേക്കു നോക്കി. അപ്പോള്‍ മലമുകളില്‍ നിന്നും മേഘക്കൂടുകള്‍ ആകാശത്തേക്ക് ഉരുണ്ടുകയറിത്തുടങ്ങിയിരുന്നു. അവ ഗോളങ്ങളായി വ്യത്യസ്ഥ വേഗങ്ങളില്‍ തള്ളിയും തിരക്കിയും ആകാശത്തേക്ക് പടര്‍ന്നുകൊണ്ടിരുന്നു. തിരുനെറ്റിമല പുകഞ്ഞാല്‍ മഴ പെയ്യുമെന്നാണ്, തെരുവമലകളില്‍ ആ സ്ഥാനം തിരുനെറ്റി മലക്കു മാത്രമുള്ളതാണ്. അതുകൊണ്ടായിരിക്കണം മഴപെയ്യുമെന്ന തോന്നല്‍ എനിക്കുണ്ടായില്ല. തെരുവമലകളിലെ മഴയും വ്യത്യസ്ഥമാണ്. കുടയോ കൊരുമ്പയോ ഇല്ലാതെ പുറത്തിറങ്ങി മഴ കണ്ട് വീട്ടിലേക്കോടുന്നവരെ അല്പം നനച്ച് തെരുവമലകളിലെ മഴ വീട്ടിലെത്തിക്കുന്നു. ദൂരമോ വേഗമോ നോക്കാതെ, കശുവണ്ടി പെറുക്കാന്‍ പോയവരേയും, പുല്ലുചെത്താന്‍ പോയവരേയും, പശുവിനെ അഴിക്കാന്‍ പോയവരേയും, പൗഡറിട്ട് അങ്ങാടിക്കു പോയവരെയും അതു ഒരേപോലെ അല്പം നനച്ച് വീട്ടിലെത്തിക്കുന്നു.

"പറക്കുന്ന വെള്ളാനക്കൂട്ടങ്ങളെ നീ കാണുന്നില്ലേ?"

നരേന്ദ്രന്റെ ശബ്ദത്തില്‍ ഒരു അസഹ്യത ഉണ്ടായിരുന്നു. മേഘഗോളങ്ങള്‍ ആകാശത്ത് പടര്‍ന്നുകൊണ്ടേ ഇരുന്നു. അപ്പോഴും അയാള്‍ എന്റെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചിരുന്നു. നരേന്ദ്രനെപ്പോലെ ഞാനും പുകച്ചുരുളുകള്‍ പോലെ പടര്‍ന്നുകൊണ്ടിരുന്ന മേഘഗോളങ്ങളിലേക്ക് തുറിച്ചു നോക്കി. അതെ ഒരു ഞെട്ടലായി ഞാന്‍ അതു കണ്ടു, പറക്കുന്ന വെള്ളാനക്കൂട്ടങ്ങള്‍...!! കുറുകിയ തുമ്പിക്കയ്യും കാലുകളും… തുടുത്തു തൂങ്ങിയ കവിളുകളും അവക്കുപിന്നില്‍ ചിറകുകള്‍ പോലെ തോന്നിച്ച ചെവികളും… വെള്ളാനകള്‍ ആകാശത്തിലൂടെ കുമിഞ്ഞുനീങ്ങുന്നു. അവ ചെവികള്‍‍ക്കൊണ്ട് വെള്ളത്തിലെന്നപോലെ തുഴഞ്ഞു നീങ്ങുന്നതായി തോന്നി. ആകാശം നിറയെ ഗോളാകൃതികളായി വെള്ളാനകള്‍ നിറഞ്ഞു. എന്നിട്ടും അവ നുരച്ചുകൊണ്ടേ ഇരുന്നു. എന്റെ വിയര്‍പ്പുണങ്ങിയതും ഊര്‍പ്പത്തിന്‍‌കായകള്‍ പൊഴിഞ്ഞുപോയതും എപ്പോഴെന്നു ഞാന്‍ ഓര്‍ക്കുന്നില്ല. നുരഞ്ഞു നീങ്ങുന്ന വെള്ളാനകളും എന്റെ കൈത്തണ്ടയിലെ നരേന്ദ്രന്റെ പിടുത്തവും മാത്രമേ എന്റെ ഓര്‍മകളില്‍ അവശേഷിക്കുന്നുള്ളു. ഇതിനിടെ എപ്പോഴോ കാലം മാറിയതും, തെരുവമലകള്‍ മാറി കോണ്‍ക്രീറ്റ് കാടുകളും അതില്‍ തെരുവ മണക്കാത്ത മനുഷ്യരും മാത്രമുള്ള സമതലങ്ങള്‍ ഉണ്ടായതും എന്റെ ബോധാബോധങ്ങളുടെ ഏതു തലങ്ങളിലാണ്? രണ്ടു കാലങ്ങളെ വേര്‍തിരിക്കുന്ന ഒന്നും എന്റെ ഓര്‍മകളില്‍ അവശേഷിക്കാത്തതെന്ത് ? കാലങ്ങള്‍ തേഞ്ഞുരഞ്ഞു മറ്റൊന്നിലേക്ക് പരിണമിക്കപ്പെടുകയോ ഒരു പുസ്തക താള്‍ മറിക്കപ്പെടുന്നതുപോലെ മറ്റൊന്നിലേക്ക് മാറ്റപ്പെടുകയോ ചെയ്യാറുണ്ട്. ഇവിടെ ഒരു അവ്യക്തത പോലും എന്നില്‍ അവശേഷിപ്പിക്കാതെ കാലം മാറിയിരിക്കുന്നു.എന്റെ കഥകളില്‍ മൂലതന്തു വിവരണങ്ങളില്ലാതെ കടന്നു പോകാറുണ്ട്, അതുപോലെ നരേന്ദ്രനും പറക്കുന്ന വെള്ളാനകളും വിവരണങ്ങള്‍ നല്‍കപ്പെടാതെ കടന്നു പോകുകയായിരുന്നു. ഏന്നിട്ടും ബോധാബോധങ്ങള്‍ ഇടകലര്‍ന്ന എന്റെ ഉഷ്ണചിന്തകളില്‍ നരേന്ദ്രനും പറക്കുന്ന വെള്ളാനകളും ഒരു അസ്വസ്ഥതയായി ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഒടുവില്‍ നരേന്ദ്രന്റെയും വെള്ളാനകളുടെയും കഥ എപ്പോഴോ എഴുതിപ്പോകുകയായിരുന്നു.ഇപ്പോള്‍ നരേന്ദ്രന്‍ എന്റെ സങ്കുചിത്വത്തില്‍ നിന്നും മുക്തനാക്കപ്പെട്ടതായി തോന്നാറുണ്ട്. ആതു ഒരേ സമയം ഒരാശ്വാസവും നഷ്ടബോധവുമാണ്. ഇപ്പോള്‍, നരേന്ദ്രന്‍ ഇനി ഒരിക്കലും തെരുവമല ഇറങ്ങി വരില്ല എന്ന തോന്നല്‍ എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങിയിരിക്കുന്നു. നരേന്ദ്രന്‍ ആരൂടേതൊക്കെയോ ആയി മാറിയിരിക്കുന്നു. വിവരണങ്ങള്‍ ഏറെ നല്‍കാതെ ഞാന്‍ എന്റെ ഉഷ്ണചിന്തകളില്‍ കാത്തുവച്ച നരേന്ദ്രന്‍ എന്ന ഉഷ്ണമനുഷ്യന്‍, ഈ ശീതീകരിച്ച മുറിയില്‍ നരേന്ദ്രനെ മനസ്സിലാക്കാന്‍ പറ്റാത്തവരുടെ നിര്‍‌വചനങ്ങളില്‍ കുടുങ്ങി അസ്ഥിത്വം നഷ്റ്റപ്പെട്ടു നിര്‍‌വികാരനായി എന്നെ മാത്രം നോക്കി നില്‍ക്കുന്നതയി എനിക്കു തോന്നി. എന്റെ ഓരോ കഥകളും ആത്മാവിഷ്കാരത്തിന്റെ നിര്‍‌വൃതിയല്ല, ഒളിച്ചോട്ടത്തിന്റെ കുറ്റബോധമാണ് എനിക്കു സമ്മാനിക്കാറുള്ളതു. എന്നെ അസ്വസ്ഥനാക്കുന്ന, വീര്‍പ്പുമുട്ടിക്കുന്ന എന്തില്‍നിന്നും ഉള്ള എന്റെ ഒളിച്ചോട്ടമാണ് എന്റെ കഥകള്‍. ഒടുവില്‍ നരേന്ദ്രനും... ഉള്ളില്‍ കുറ്റബോധം തോന്നി... പൊയ്‌വാക്കുകളുടെ ശീതീകരിച്ച ഈ മുറിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് നരേന്ദ്രന്‍ വലിച്ചിഴക്കപ്പെട്ടതായി എനിക്കു തോന്നി.ഒരുവേള പെട്ടെന്നു എവിടുന്നോ ഒരു തെരുവക്കാറ്റു വീശി. ഈ അടച്ചിട്ട മുറിയില്‍, തെരുവമലകളില്‍ നിന്നും തെരുവമലകളിലേക്കു മാത്രം ഉഷ്ണഗന്ധികളായി ഒഴുകിയെത്തുന്ന തെരുവക്കാറ്റ് എങ്ങിനെ എത്തിപ്പെട്ടു? പിന്നെ പെട്ടെന്നു ചുറ്റും കരിഞ്ഞുണങ്ങിയ തെരുവ ക്കാടു വളര്‍ന്നുതുടങ്ങി. ചുവരുകള്‍ അപ്രത്യക്ഷമായി കുന്നുകള്‍ ഉയര്‍ന്നു, വക്കുപൊട്ടിയ മണ്‍ചട്ടി പോലെ ഭൂമി ഉണ്ടായി, ഞാന്‍ വിയര്‍ത്തു, വിയര്‍പ്പു നീറ്റലായി ഒലിച്ചിറങ്ങി. ആരോ വേഗത്തില്‍ തെരുവമല ഇറങ്ങിവരുന്ന ശബ്ദം കേട്ടു, "നരേന്ദ്രന്‍" ഞാന്‍ അറിയാതെ മന്ത്രിച്ചു. ഒപ്പം കൂടിയിരുന്ന ജനക്കൂട്ടവും ആ പേര് ഏറ്റുപറഞ്ഞു, എന്നിട്ട് ദൂരെ കത്തിക്കരിഞ്ഞു കിടന്ന പേരറിയാത്ത തെരുവമലയുടെ പിന്നിലേക്ക് അവര്‍ മാഞ്ഞു പോയി... അപ്പോഴേക്കും നരേന്ദ്രന്‍ കുന്നിറങ്ങി എന്റെ ഒപ്പം എത്തിയിരുന്നു. ഞങ്ങള്‍ ജനക്കൂട്ടം അപ്രത്യക്ഷരായ കത്തിക്കരിഞ്ഞു കിടന്ന മലമുകളിലേക്കു നോക്കി നിന്നു. മേഘഗോളങ്ങള്‍... അല്ല പറക്കുന്ന വെള്ളാനക്കൂട്ടങ്ങള്‍ നുരച്ചു പൊങ്ങി തുടങ്ങി... അവ ആകാശം നിറഞ്ഞു പടര്‍ന്നുകൊണ്ടേ ഇരുന്നു... ആകാശം നിറഞ്ഞിട്ടും അവ വീണ്ടും നുരച്ചുകൊണ്ടേ ഇരുന്നു... കാലം മാറിയില്ല... ഞാന്‍ നരേന്ദ്രനെ നോക്കി... നരേന്ദ്രനെ ഞാന്‍ കണ്ടില്ല, പക്ഷെ മുന്നില്‍ വിയര്‍ത്തൊലിച്ചു അര്ദ്ധനഗ്നനായി നില്‍ക്കുന്ന എന്നെ കണ്ടു ഞാന്‍ പകച്ചു. ഞാന്‍ അവന്റെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചിരുന്നു... ബോധാബോധങ്ങള്‍ വേര്‍തിരിക്കാതെ ഞാന്‍ നരേന്ദ്രനായി അവന്റെ കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിച്ചു നിന്നു... അപ്പോഴും ആകാശത്തു പറക്കുന്ന വെള്ളാനകള്‍ നുരച്ചുപറന്നുകൊണ്ടേ ഇരുന്നു..

6 comments:

Anonymous said...

ഷിനോജ് അസുരവൃത്തം, താങ്കളുടേത് ഒരു വ്യത്യസ്തമായ എഴുത്തു ശൈലി തന്നെ. ചോദ്യങ്ങള്‍ ഒരുപാട് അവശേഷിക്കുകയും, ഒപ്പം ഉത്തരങ്ങള്‍ തരില്ല എന്നൊരു ആസുര ദാര്‍ഷ്ഠ്യവും നിഴലിക്കുന്നുണ്ട്... നരേന്ദ്രനും വെള്ളാനകളും എന്റെ ചിന്തകളിലും കയറിക്കൂടിയിട്ടുണ്ട്. രണ്ടാം പകുതിയില്‍ അനാവശ്യമായ ഒരു ചുരുക്കിയെഴുത്ത് ഉള്ളപോലെ തോന്നുന്നു. കഥയില്‍ മൂലതന്തു വിവരണങ്ങളില്ലാതെ കടന്നു പോകുന്നു എന്നു പറഞ്ഞിട്ടുണ്ട്. അതൊരു മുന്‍‌കൂര്‍ ജാമ്യം ആണോ? നരേന്ദ്രായനം, കൂടുതല്‍ പരിഷ്കരിക്കപ്പെടും എന്നു വിശ്വസിക്കുന്നു.

സഞ്ജീവന്‍

Anonymous said...

Nannayirikkunnu, oru mystic concept anello sir..!!. Ezhuthinekurichu paranjirikunnathu ishtappetu, athmavishkarathinte nirvrithi alla olichotathinte kutabotham anu, ena vakyam. Athu palapozhum angine thane anu.

Enthayalum vayikkan nalla rasam thonni, oru strange mood create cheyunundu.
Ashraf

Anonymous said...

Different style of writing, and a difficult concept to understand. It require few rereadings. Keep writing Shinoj Sir… You were rocking as a photographer and now as a writer too… You are a genius… Do follow others and let others follow you, because it require more attention. I’m publishing a photoblog by the end of this month, I’ll send the link to you, once it is ready.

Keep rocking
Manoj

Anonymous said...

നല്ല തീം... വെള്ളാനകള്‍ക്കു ഒരു അര്‍ത്ഥമുണ്ട്, ആ അര്‍ത്ഥത്തിനോട് ചേര്‍ന്നു പോകുന്നുണ്ട് ഇവിടുത്തെ വെള്ളാനകളും. കൂടിനിന്ന ജനക്കൂട്ടം ദൂരെ കത്തിക്കരിഞ്ഞു കിടന്ന തെരുവക്കുന്നിന്റെ പിന്നിലേക്കു മറയുന്നതും പിന്നെ മേഘങ്ങള്‍ പോലെ വെള്ളാനകള്‍ നുരച്ചു പടരുന്നതും ആ ജനക്കൂട്ടം തന്നെയാണ് വെള്ളാനകളായി മാറുന്നതു എന്ന ചിത്രം ആണ് തരുന്നതു.

ഒരു സുഹൃത്ത് എഴുതിയിരിക്കുന്നതുപോലെ തന്നെ ഒരു മിസ്റ്റിക് തീം ആണ്. എഴുത്തിന്റെ രീതി ഇഷ്ടപ്പെട്ടു. കൂടുതല്‍ കൃതികള്‍ ഉണ്ടാകട്ടെ.. സുഗതന്‍

മനോജ്‌ വെങ്ങോല said...

വ്യത്യസ്തത പുലര്‍ത്തുന്ന കഥ.
പറക്കുന്ന വെള്ളാനകള്‍ അപരിചിത ഭൂമികകളില്‍ ചെന്നെത്തട്ടെ.

Anonymous said...

ഗുരുജീ, ഫ്ലിക്കറില്‍ നിന്നും ഒളിച്ചോടിയിട്ടു ഇപ്പോ ബ്ലോഗില്‍ ആണു പൊങ്ങിയതു അല്ലെ? രണ്ടു കലകളിലും നന്നായി ശോഭിക്കുന്നുണ്ട്, അപ്പോ പിന്നെ ഫോട്ടോഗ്രാഫി ഒട്ടും വിടരുതു. പിന്നെ അസുരവൃത്തം എന്നതുകൊണ്ട് എന്താണു ഉദ്ദേശിക്കുന്നതു? എല്ലാം വയിച്ചു, ശെരിക്കും ഇഷ്ടപ്പെട്ടു. നരേന്ദ്രന്റെ കഥയും, വേലയുധന്റെ കഥയും, തിരിച്ചറിവും ഒരുപാടിഷ്ടപ്പെട്ടു. ഫോട്ടോഗ്രാഫിയിലെപ്പോലെതന്നെ എഴുത്തിലും ശെരിക്കും ഒരു ഷിനോജ് ടച്ച് ഉണ്ട് കേട്ടോ.

ആശംസകളോടെ
സീമ