3 Jan 2011

വേലായുധന്‍

വാച്ചു കെട്ടിയ വേലായുധന്‍ മാറ്റങ്ങളെയെല്ലാം തെറിവിളിച്ചു. വേലായുധനു ശേഷം വന്ന ഒന്നിനെയും അയാള്‍ അംഗീകരിച്ചില്ല. മതം മാറി ക്രിസ്ത്യാനികളായവരെ തെറി വിളിച്ചു... പാന്റ്സിട്ട പയ്യന്മാരെ തെറി വിളിച്ചു... ജീപ്പുകാരെ തെറി വിളിച്ചു... ഓടിട്ട പുര പണിതവരെ തെറി വിളിച്ചു... കമ്യൂണിസ്റ്റുകാരെ തെറി വിളിച്ചു... റോഡു പണിത കോണ്‍‌ട്രാക്ടറെയും പണിക്കാരെയും തെറി വിളിച്ചു... അങ്ങിനെ വേലായുധന്‍ എല്ലാരെയും തെറി വിളിച്ചു... പക്ഷെ വാച്ചു കെട്ടിയതിന് അയാള്‍ ആരെയും തെറിവിളിച്ചില്ല... അയാള്‍ പുതിയ വഴികളെ വെറുത്തു... ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും വെറുത്തു... ചെരുപ്പുകളെ വെറുത്തു... ബ്രാണ്ടിയും റമ്മും കുടിക്കുന്നവരെ വെറുത്തു... അങ്ങിനെ വേലായുധന്‍ സ്വയം തീര്‍ത്ത ഒരു കാലഘടികാരത്തിനിപ്പുറം നടന്ന എല്ലാരെയും വേലായുധന്‍ വെറുത്തു... വെറുത്തതിനെയൊക്കെ വേലായുധന്‍ പകല്‍ സമയങ്ങളില്‍ പല്ലിറുമ്മി ശപിക്കുകയും സന്ധ്യാ സമയങ്ങളില്‍ ഇല്ലാത്ത വഴികളില്‍ തട്ടിത്തടഞ്ഞു നടന്നു തെറി വിളിക്കുകയും ചെയ്തു...

വാച്ചു കെട്ടിയ വേലായുധന്റെ ഓരോ തെറിവിളികളിലും വേലായുധന്റെ പട്ടി, വാച്ചുകെട്ടാത്ത ശങ്കരന്‍ അതിസംസ്കൃതമായ ഒരു ശ്വാനഭാഷയില്‍ വേലായുധനൊപ്പം തെറി വിളിച്ചു വേലായുധനെ പ്രോത്സാഹിപ്പിച്ചുപോന്നു. വേലായുധന്റെ തെറികള്‍ ചിലതു ഹ്രസ്വങ്ങളും ചിലതു ദീര്‍ഘങ്ങളും ആയിരുന്നെങ്കില്‍ ശങ്കര‍ന്റെ തെറിവിളികള്‍‍ക്കു എന്നും ഒരേ ദൈര്‍ഘ്യവും ഒരേ താളവുമായിരുന്നു... ചിലപ്പോള്‍ ശങ്കരന്റെ ശബ്ദം വേലായുധന്റെ തെറികളുടെ നിമ്നോന്നതങ്ങളെ മുക്കിക്കളയുകയും, ചിലപ്പോള്‍ അവയ്ക്ക് സംഗീതാത്മകമായ ഒരു പിന്തുടര്‍ച്ച നല്‍കുകയും ചെയ്യും.

ഇതൊക്കെയാണെങ്കിലും തെരുവക്കാറ്റു വീശുന്ന വേനലും അഴുകിയ കശുമാമ്പഴങ്ങളുടെ മണമുള്ള വര്‍ഷവും പേറുന്ന ഈ മലയില്‍, വാച്ചു കെട്ടിയ വേലായുധനും വാച്ചുകെട്ടാത്ത ശങ്കരനും ആര്‍ക്കും പരാതിയില്ലാത്ത സാന്നിധ്യമായി മാറിയത് എങ്ങിനെ..? ഒരു പക്ഷെ ആരും തിരിച്ചറിയതെ വേലായുധനിലും ശങ്കരനിലും നിഗൂഢമായി കിടക്കുന്ന ഒരു ദിവ്യത്വം ആണോ അത്? കാവി മുണ്ടുടുത്ത വേലായുധനും കാവി നിറമുള്ള ശങ്കരനും ആദ്യമായി ഈ തെരുവമല കയറി വന്നതു എന്നാണ്? അവര്‍ തെറിവിളി തുടങ്ങിയതു എന്നാണ്? ഈ തെരുവമലയിലെ എല്ലാവരുടെയും ഓര്‍മകളെ ചിതറിച്ചു കളഞ്ഞ് അവ്യക്തമായ ഒരു കാലം സൃഷ്ടിച്ചതും അതില്‍ തുടക്കമില്ലാതെ കുടിയേറിപ്പാര്‍ത്തതും വേലായുധന്റെയും ശങ്കരന്റെയും ഏതു ദിവ്യത്വമാണ്?

ഇന്നലെ വേലായുധന്‍ ഒരു മാറ്റത്തിനു വിധേയനായിരിക്കുന്നു...വേലായുധന്‍ മാത്രം... വാച്ചു കെട്ടിയ വേലായുധന്‍ സന്ധ്യാനേരത്ത് കിളിന്തു തെരുവക്കൂമ്പുകള്‍ ചവിട്ടിച്ചതച്ച മെത്തയില്‍ കാവിമുണ്ടു നഷ്ടപ്പെട്ട് അനങ്ങാതെ, തെറി വിളിക്കാതെ കിടന്നു... വാച്ചു കെട്ടാത്ത ശങ്കരന് തെറിവിളികള്‍ മോങ്ങലുകളായി... ഒരു മഴയത്ത് തെരുവമലയില്‍ ആളുകള്‍ കപ്പളത്തണ്ടുകള്‍ മണ്ണെണ്ണ പന്തങ്ങളാക്കി പാഞ്ഞു നടന്നു. വേലായുധന്റെ തെറിവിളികള്‍ ഇല്ലാത്ത ആദ്യ സന്ധ്യ മരിച്ചു രാത്രിയായി... മണ്ണെണ്ണപ്പുക മണത്ത രാത്രിയില്‍ വാച്ചുകെട്ടാത്ത ശങ്കരന്‍, പെട്ടെന്ന് ചാടിയെണീറ്റ് തെറി വിളിച്ച് തെരുവമലയിറങ്ങി ഓടി, വാച്ചു കെട്ടിയ വേലായുധന്റെ ആത്മാവിനെ പിന്‍‌തുടര്‍ന്ന്... അടിവാരത്ത് കുത്തിയൊഴുകുന്ന ചാപ്പത്തോടിന്റെ ആരവത്തില്‍ എപ്പോഴോ വാച്ചുകെട്ടാത്ത ശങ്കരന്റെ തെറിവിളികള്‍ ഒഴുകിപ്പോയി....

വാച്ചുകെട്ടിയ വേലായുധന്റെയും, വാച്ചുകെട്ടാത്ത ശങ്കരന്റെയും തെറിവിളികള്‍ ഇല്ലാത്ത ഈ സന്ധ്യ ഭീകരമാണ്... ജീവന്‍ നഷ്ടപ്പെട്ട തെരുവക്കുന്നിന്റെ ആകാശവും ഭൂമിയും കറുത്തുകിടന്നു... ദൂരെ തെറിവിളികളെ പേടിക്കതെ ചാപ്പത്തോട് അലച്ചുകൊണ്ടേ ഇരിക്കുന്നു... ഏതോ കശുമാവിന്‍ ചോട്ടില്‍നിന്നു ഒരു ജീര്‍ണിച്ച കാറ്റുവന്നു ഇരുട്ടിനെ വീണ്ടും കറുപ്പിച്ചു... വേലായുധന്റെയും ശങ്കരന്റെയും തെറിവിളികള്‍ നിലച്ച ഈ ഇരുണ്ട തെരുവമലയില്‍ ഓരോരുത്തരും തനിച്ചായിരിക്കുന്നു... അവര്‍ ദൂരെ ദൂരെ ഓടിട്ടതും, പുല്ലു മേഞ്ഞതും ആയ വീടുകളില്‍ തഴപ്പായകളിലും തണുത്തുറഞ്ഞ പഞ്ഞിക്കിടക്കകളിലും ഉറക്കം വരാതെ വിറങ്ങലിച്ചു കിടന്നു...

No comments: